എന്‍.പ്രഭാകരന്‌

എൻ.പ്രഭാകരന്റെ പുതിയ കൃതികൾ : ‘ആത്മാവിന്റെ സ്വന്തം നാട്ടിൽ നിന്ന്’ , ‘മനസ്സ് പോകുന്ന വഴിയേ’. പ്രസാധനം ഡി.സി.ബുക്സ്

ജീവിതരേഖ

പ്രശസ്തനായ മലയാള ചെറുകഥാകൃത്തും,കവിയും,നോവലിസ്റ്റുമാണ് എൻ. പ്രഭാകരൻ. ആധുനികതയ്ക്കു ശേഷം മലയാള ചെറുകഥയിൽ ഉണ്ടായ ഭാവുകത്വപരിണാമത്തിന് വഴിയൊരുക്കിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഇദ്ദേഹം. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ഒറ്റയാന്റെ പാപ്പാൻ എന്ന കഥയിലൂടെ ചെറുകഥാരംഗത്തു പ്രവേശം. കഥ, നോവൽ, യാത്രാവിവരണം, കവിത, തിരക്കഥ, സാഹിത്യനിരൂപണം എന്നിവയിൽ ഇരുപതോളം കൃതികൾ. ഇംഗ്ലീഷ്,ജർമ്മൻ, ഹിന്ദി, ഉർദു, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ 1952 ഡിസംബർ 30 ന് ജനനം. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. ഭാഷാശാസ്ത്രത്തിൽ ‍ വി.ഐ.സുബ്രഹ്മണ്യത്തിൻ കീഴിൽ ഗവേഷണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. കേരള സർക്കാർ സർവ്വീസിൽ മലയാളം ലൿചററായി ജോലി നേടി. പല കോളേജുകളിലും ജോലിചെയ്തു. ഏറെക്കാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകനായിരുന്നു.വകുപ്പു മേധാവിയായിരിക്കെ സ്വയം വിരമിച്ചു.


അച്ഛൻ: എൻ.കുഞ്ഞമ്പു
അമ്മ: എ.കല്യാണി
ഭാര്യ: റീന
മക്കൾ: സുചേത്,സച്ചിൻ